Zygo-Ad

വിഴിഞ്ഞം കൊലപാതകം: വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചു കയറി, സുമന്റെ മരണം ക്രൂരമർദ്ദനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 


തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട വിഴിഞ്ഞം സ്വദേശി സുമന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണമായ ക്രൂരതകൾ വ്യക്തമാക്കുന്നത്. മർദ്ദനമേറ്റ് സുമന്റെ വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറിയതായും നെഞ്ചിലുണ്ടായ കടുത്ത രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ മുക്കോലയിലെ ബാർ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ബാറിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളായ അച്ചു, അനന്തു എന്നീ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം പേർ നോക്കി നിൽക്കെയായിരുന്നു സുമനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചത്. ആരും മർദ്ദനം തടയാൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കണ്ടുനിൽക്കുകയായിരുന്നു.

ബാറിനുള്ളിൽ സുമനുമായി യാതൊരു ബന്ധവുമില്ലാത്തവർ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതാണ് അക്രമത്തിന് തുടക്കമിട്ടത്. തുടർന്ന് പ്രതിയായ അച്ചു തന്റെ സഹോദരനെ വിളിച്ചുവരുത്തി സുമനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ബാർ ജീവനക്കാർ ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത പ്രതികളെ ബൗൺസർമാർ കുരുമുളക് സ്പ്രേ ഉപയോഗിച്ച് തുരത്തി. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ