Zygo-Ad

വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് പുട്ട് പൊടി സപ്ലൈകോയുടെ പ്രത്യേക ഓഫർ ഇന്ന് അവസാനിക്കുന്നു

 


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സപ്ലൈകോ പ്രഖ്യാപിച്ച വൻ ഓഫർ പ്രയോജനപ്പെടുത്താൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ട് രേഖപ്പെടുത്തിയവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുന്ന പദ്ധതിയാണ് ഇന്ന് അവസാനിക്കുന്നത്. വോട്ട് ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി വോട്ടു ചെയ്യൂ പുട്ടടിക്കൂ എന്ന ടാഗ് ലൈനിലാണ് ഈ ക്യാമ്പെയിൻ സംഘടിപ്പിച്ചത്.

ഏപ്രിൽ 9ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്റെ അടയാളമായി വിരലിലെ മഷി കാണിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്ക് മാത്രമാണ് ഒരു രൂപയ്ക്ക് പുട്ടുപൊടി ലഭിക്കുക എന്ന നിബന്ധനയുണ്ട്. ഏപ്രിൽ 10, 11 തീയതികളിൽ മാത്രമായിരുന്നു ഈ ഓഫർ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം കണ്ണൂരിൽ കന്നി വോട്ടർമാരെ ആകർഷിക്കാൻ മധുരമുള്ള വോട്ട് എന്ന പേരിൽ വ്യത്യസ്തമായ ക്യാമ്പയിൻ നടന്നു. മാതൃക ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയ പുതിയ വോട്ടർമാരെ ഹൽവ നൽകിയാണ് അധികൃതർ സ്വീകരിച്ചത്. യുവതലമുറയെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് ഹൽവ വിതരണം സംഘടിപ്പിച്ചത്.

 

വളരെ പുതിയ വളരെ പഴയ