ന്യുഡൽഹി : ഓൺലൈൻ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പുകൾ തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് നീക്കം തുടങ്ങുന്നു. പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഓൺലൈൻ പണമിടപാടുകൾക്ക് ഒരു മണിക്കൂർ വെയിറ്റിംഗ് ടൈം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിർണ്ണായക മാറ്റങ്ങളാണ് ആർബിഐ പരിഗണിക്കുന്നത്. ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി മെയ് എട്ടു വരെ പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനിച്ചു.
ഡിജിറ്റൽ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിരോധ നടപടികൾ. പണം അയച്ചു കഴിഞ്ഞാലും ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ സ്വീകർത്താവിലേക്ക് എത്തുകയുള്ളൂ എന്നതാണ് വെയിറ്റിംഗ് ടൈം സംവിധാനത്തിന്റെ പ്രത്യേകത. ഈ സമയത്തിനുള്ളിൽ ഇടപാട് തട്ടിപ്പാണെന്ന് സംശയം തോന്നിയാൽ ഉപഭോക്താവിന് അത് റദ്ദാക്കാൻ സാധിക്കും. ഇത് പണം തെറ്റായ കൈകളിൽ എത്തുന്നത് ഒഴിവാക്കാൻ സഹായിക്കും.
മുതിർന്ന പൗരന്മാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി 70 വയസ്സിന് മുകളിൽ പ്രായമുള്ളവർ നടത്തുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വിശ്വസ്തനായ ഒരു ഇടനിലക്കാരന്റെ അനുവാദം നിർബന്ധമാക്കാനും ആലോചനയുണ്ട്. എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക. വ്യാപാര സംബന്ധമായ പേയ്‌മെന്റുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകളിൽ ഒരു വർഷം സ്വീകരിക്കാവുന്ന തുകയ്ക്ക് നിശ്ചിത പരിധി വെക്കുന്ന കാര്യവും ആർബിഐ പരിഗണിക്കുന്നുണ്ട്. നിലവിൽ 25 ലക്ഷം രൂപയാണ് പരിധിയായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പരിധിയിൽ കൂടുതൽ തുക വന്നാൽ അത് ഷാഡോ ക്രെഡിറ്റായി സൂക്ഷിക്കുകയും കൃത്യമായ രേഖകൾ സമർപ്പിച്ച ശേഷം മാത്രം അക്കൗണ്ടിലേക്ക് നൽകുകയും ചെയ്യും. കൂടാതെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഒരൊറ്റ ബട്ടൺ അമർത്തി അക്കൗണ്ട് മരവിപ്പിക്കാൻ സഹായിക്കുന്ന കിൽ സ്വിച്ച് സംവിധാനവും പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി വരാനിടയുണ്ട്.
