തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒൻപത് വർഷം മുൻപ് പ്രണയിച്ചു വിവാഹം ചെയ്തf യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. ചെങ്കൽ പഞ്ചായത്തിലെ വ്ലാത്തങ്കര സ്വദേശിനി എംഎൽ അൽമയാണ് (33) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ (36) പാറശാല പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളില്ലാത്തതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ ഏറെ നാളായി തർക്കമുണ്ടായിരുന്നതായി പ്രതി പൊലീസിന് മൊഴി നൽകി. സംഭവദിവസവും ഇതേ ചൊല്ലി വഴക്കുണ്ടാവുകയും, വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി വിഷ്ണുനാഥ് അൽമയെ ആക്രമിക്കുകയുമായിരുന്നു. കഴുത്തിന് പിന്നിൽ കുത്തേറ്റ നിലയിലാണ് അൽമയെ കിടപ്പുമുറിയിൽ കണ്ടെത്തിയത്.
കൃത്യത്തിന് ശേഷം വിഷ്ണുനാഥ് സ്വന്തം സഹോദരനായ അഭിഭാഷകന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. സഹോദരൻ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തിയാണ് അൽമയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിഷ്ണുനാഥിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി പിഎസ്‌സി കോച്ചിംഗ് സെന്ററുകളിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
