മുംബൈ: രാജ്യത്ത് വർധിച്ചുവരുന്ന സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 'വെയ്റ്റിങ് ടൈം' ഏർപ്പെടുത്തുന്നതടക്കം വിപ്ലവകരമായ മാറ്റങ്ങളാണ് ആർ.ബി.ഐ പരിഗണിക്കുന്നത്. പുതിയ നിർദ്ദേശങ്ങളിൽ മേയ് 8 വരെ പൊതുജനാഭിപ്രായം തേടിയ ശേഷം മാത്രമേ ഔദ്യോഗിക മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കുകയുള്ളൂ.
പ്രധാന മാറ്റങ്ങൾ ഇവയാണ്:
വെയ്റ്റിങ് ടൈം (കൂളിങ് ഓഫ് പിരീഡ്):10,000 രൂപയ്ക്ക് മുകളിലുള്ള ഓൺലൈൻ പണമിടപാടുകൾക്ക് ഒരു മണിക്കൂർ വെയ്റ്റിങ് ടൈം ഉണ്ടാകും. പണം അയച്ചാലും ഒരു മണിക്കൂർ കഴിഞ്ഞേ സ്വീകർത്താവിന് ലഭിക്കൂ. ഈ സമയത്തിനുള്ളിൽ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടാൽ ഇടപാട് റദ്ദാക്കാം.
കിൽ സ്വിച്ച് (Kill Switch):ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകളിൽ പെട്ടെന്ന് സംശയം തോന്നിയാൽ, ഒറ്റ ബട്ടൺ അമർത്തുന്നതിലൂടെ സ്വന്തം അക്കൗണ്ടിലെ എല്ലാ ഓൺലൈൻ ഇടപാടുകളും ഉടനടി മരവിപ്പിക്കാനുള്ള സംവിധാനമാണിത്.
മുതിർന്ന പൗരന്മാർക്ക് പ്രത്യേക സുരക്ഷ: 70 വയസ്സിന് മുകളിലുള്ളവരുടെ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വിശ്വസ്തനായ ഒരു ഇടനിലക്കാരന്റെ അനുവാദം നിർബന്ധമാക്കും. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്കാണ് ഇത് ബാധകമാവുക (മെർച്ചന്റ് പേയ്‌മെന്റുകൾക്ക് ബാധകമല്ല).
അക്കൗണ്ട് പരിധി (Shadow Credit): തട്ടിപ്പ് പണം ഒളിപ്പിക്കാൻ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് തടയാൻ വാർഷിക പരിധി നിശ്ചയിക്കും. പരിധിക്ക് മുകളിൽ വരുന്ന തുക 'ഷാഡോ ക്രെഡിറ്റ്' ആയി മാറ്റും. കൃത്യമായ രേഖകൾ ഹാജരാക്കിയാൽ മാത്രമേ പണം അക്കൗണ്ടിലേക്ക് ലഭിക്കൂ, അല്ലെങ്കിൽ വന്ന അക്കൗണ്ടിലേക്ക് തന്നെ തിരിച്ചുപോകും.
ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ആർ.ബി.ഐ ഈ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
