തിരുവനന്തപുരം: മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിലായി. ചിറയിൻകീഴ് ശാസ്തവട്ടം സ്വദേശി സജൻ (30) ആണ് മംഗലപുരം പോലീസിന്റെ പിടിയിലായത്. ക്യാമറ മോഷ്ടിക്കുന്ന ദൃശ്യം അതേ സിസിടിവിയിൽ തന്നെ പതിഞ്ഞതാണ് പ്രതിയെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിച്ചത്.
റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി പഞ്ചായത്ത് സ്ഥാപിച്ച ക്യാമറകളാണ് സജൻ കവർന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചിലമ്പിലുള്ള ഇയാളുടെ വീടിന് സമീപം ചാക്കിൽ കുഴിച്ചിട്ട നിലയിൽ ക്യാമറകൾ കണ്ടെത്തുകയായിരുന്നു. മംഗലപുരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
