വാൽപ്പാറ: ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ ആളിയാർ ചുരത്തിലെ വാൻ അപകടത്തിന് കാരണം ബ്രേക്ക് സംവിധാനത്തിലുണ്ടായ തകരാറാണെന്ന് തമിഴ്നാട് പോലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകൾ ഇറങ്ങിയതോടെ ബ്രേക്ക് അമിതമായി ചൂടാവുകയും തുടർന്ന് പ്രവർത്തനരഹിതമാവുകയുമായിരുന്നു എന്നാണ് കരുതുന്നത്. ഗിയർ ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ ശ്രമവും പരാജയപ്പെട്ടു.
പതിമൂന്നാം വളവിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. ഈ ഭാഗത്ത് ശക്തമായ സംരക്ഷണഭിത്തി ഉണ്ടായിരുന്നില്ല. ചെറിയ കൽഭിത്തിയിൽ സ്ഥാപിച്ച ഇരുമ്പ് തൂണുകൾ തകർത്ത് വാഹനം എണ്ണൂറ് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അഞ്ച് തവണ കരണം മറിഞ്ഞ വാഹനം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ഇറക്കങ്ങളിൽ വാഹനം ഓടിക്കുമ്പോൾ എൻജിൻ ബ്രേക്കിംഗ് ഉപയോഗിക്കണമെന്നും ബ്രേക്ക് പാഡുകൾ അമിതമായി ചൂടാകാതെ ശ്രദ്ധിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാഹനത്തിന്റെ ഗുണനിലവാരമുള്ള ബ്രേക്ക് ലൈനറുകൾ ഉറപ്പാക്കണമെന്നും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്.
