Zygo-Ad

കെഎസ്ആർടിസിയുടെ ആഡംബര ബിസിനസ് ക്ലാസ് ബസ് സർവീസ് അടുത്തയാഴ്ച തുടങ്ങുന്നു

 ​


തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബിസിനസ് ക്ലാസ് ബസ് സർവീസ് അടുത്തയാഴ്ചയോടെ ആരംഭിക്കും. വന്ദേഭാരത് ട്രെയിനിന് സമാനമായ സൗകര്യങ്ങളുള്ള ബസിൽ ശുചിമുറി, ഭക്ഷണ സൗകര്യം, കഫറ്റീരിയ, പാന്റ്രി എന്നിവ ഉണ്ടായിരിക്കും. എയർഹോസ്റ്റസിന് സമാനമായി ബസ് ഹോസ്റ്റസിന്റെ സേവനവും യാത്രക്കാർക്ക് ലഭ്യമാകും. രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.

​പുലർച്ചെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ്, രാവിലെ 10 മണിക്ക് മുൻപായി എറണാകുളത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് ബസിന് സ്റ്റോപ്പുകൾ ഉണ്ടാവുക. എന്നാൽ, ടിക്കറ്റ് റിസർവ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കുള്ളവരാണെങ്കിൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും. സമാനമായ രീതിയിൽ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും സർവീസുകൾ ഉണ്ടായിരിക്കും.

​യാത്രക്കാർക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഭക്ഷണത്തിനും മറ്റ് സേവനങ്ങൾക്കും പ്രത്യേക നിരക്ക് ഈടാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ തടസ്സപ്പെട്ട സർവീസ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാലുടൻ ഈ മാസം 22-ഓടെ ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. നേരത്തെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഈ സർവീസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു



വളരെ പുതിയ വളരെ പഴയ