തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം അവസാന വാരത്തോടെ വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചയോടെ നിലവിലെ കഠിനമായ ചൂടിന് നേരിയ ശമനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
വടക്കൻ കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി നിലനിന്നിരുന്ന എതിർ ചക്രവാതമാണ് കഴിഞ്ഞ ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരാൻ കാരണമായത്. ഇത് രാത്രിസമയത്തും ചൂട് കുറയാത്ത സാഹചര്യം സൃഷ്ടിച്ചിരുന്നു. മഴമേഘങ്ങളെ തടഞ്ഞതും ഉയർന്ന താപനില തുടരാൻ വഴിയൊരുക്കി.
എതിർ ചക്രവാതം ഇന്നോടെ ദുർബലമാകുമെന്നും ഇതോടെ അന്തരീക്ഷം തണുക്കാൻ തുടങ്ങുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ഇത് മഴമേഘങ്ങൾ രൂപപ്പെടാനും ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കാനും സാഹചര്യമൊരുക്കും. ഏപ്രിൽ അവസാനത്തോടെ സംസ്ഥാനത്ത് വേനൽമഴ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
