സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസുമായി പുനലൂർ സംസ്ഥാനത്ത് രണ്ടാമതെത്തി. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിലെ താപനില മുന്നറിയിപ്പ് താഴെ പറയുന്നതാണ്.
പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഇത് സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി വരെ കൂടുതലാണ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ഈ ജില്ലകളിൽ വ്യാഴാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടും.
