കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം. സ്വർണാഭരണം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവാവ് രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. പുളിക്കൽ കനകമഹൽ ജ്വല്ലറിയിലാണ് സംഭവം നടന്നത്.
ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ പ്രതി, പരിശോധിക്കാനായി കൈക്കലാക്കിയ മൂന്ന് സ്വർണ വളകളുമായി പെട്ടെന്ന് പുറത്തേക്ക് ഓടുകയായിരുന്നു. പുറത്ത് ബൈക്കുമായി തയ്യാറായി നിന്നിരുന്ന മറ്റൊരാൾക്കൊപ്പം കയറി ഇയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ ഉടൻ തന്നെ ജ്വല്ലറി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്.
