തിരുവനന്തപുരം :സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്ന ഇന്ന് കടുത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ സാധാരണയേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വോട്ട് രേഖപ്പെടുത്താൻ എത്തുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ 36°C വരെ ചൂട് അനുഭവപ്പെട്ടേക്കാം. ഉയർന്ന താപനിലയ്‌ക്കൊപ്പം അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. അതേസമയം, ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
