തിരുവനന്തപുരം:പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രാവിലെ 7 മണിക്ക് തന്നെ പോളിങ് ആരംഭിച്ചു. ബൂത്തുകളിൽ വോട്ടർമാരുടെ വലിയ ക്യൂവാണ് രാവിലെ മുതൽ ദൃശ്യമാകുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയം.
പത്തുവർഷത്തെ ഭരണനേട്ടങ്ങൾ മുൻനിർത്തി എൽ.ഡി.എഫ് തുടർഭരണം പ്രതീക്ഷിക്കുമ്പോൾ, ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും അധികാരം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലുമാണ് യു.ഡി.എഫ്. നിയമസഭയിൽ വീണ്ടും സാന്നിധ്യമറിയിക്കാൻ ലക്ഷ്യമിട്ടാണ് എൻ.ഡി.എ പോരാട്ടം നയിക്കുന്നത്.
തെരഞ്ഞെടുപ്പ് വിവരങ്ങൾ ഒറ്റനോട്ടത്തിൽ
ആകെ സ്ഥാനാർത്ഥികൾ:883 പേർ.
സമ്മതിദായകർ: 2,71,96,936 പേർ (53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ).
പോളിങ് ബൂത്തുകൾ: 30,495 എണ്ണം (ഇതിൽ 2,040 ബൂത്തുകൾ പ്രശ്നബാധിതമായി തിരിച്ചറിഞ്ഞിട്ടുണ്ട്).
ഉദ്യോഗസ്ഥ വിന്യാസം:
1.46 ലക്ഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ:
തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. 76,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതലയ്ക്കായി വിന്യസിച്ചു. ജില്ലാ പോലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ 154 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചാണ് നിയന്ത്രണം.
ജനവിധി അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
