തൃശൂർ: കോടാലിയില്‍ പാമ്പു കടിയേറ്റ് മരിച്ച എട്ടു വയസുകാരന്റെ വീട്ടില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് വീണ്ടും ശംഖുവരയൻ ഇനത്തില്‍പെട്ട പാമ്പിനെ കണ്ടെത്തിയത്.
ഇതോടെ കോടാലിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി. വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ ശുചിമുറിയുടെ തറയും പുറത്തേക്ക് വെള്ളം പോകുന്ന പൈപ്പും പൊളിച്ച് നാട്ടുകാർ പരിശോധിച്ചു. കുട്ടിയെ കടിച്ച ശംഖുവരൻ ഇനത്തില്‍പ്പെട്ട പാമ്പാണ് നേരത്തെ നാലു തവണയും വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച മാത്രം 2 പാമ്പുകളെയാണ് വീട്ടില്‍ നിന്ന് കിട്ടിയത്.
എട്ട് വയസുകാരൻ പാമ്പു കടിയേറ്റ് മരിക്കുകയും സഹോദരൻ അവശനിലയിലാവുകയും ചെയ്തതിന് പിന്നാലെ കോടാലിയിലെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. ആല്‍ജോയുടെ വീട്ടില്‍ രണ്ടാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അത്. വീട്ടില്‍ കൂടുതല്‍ പാമ്പിൻ കുഞ്ഞുങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്. എട്ട് വയസുകാരൻ ആല്‍ജോ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് അബോധാവസ്ഥയില്‍ സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നാട്ടുകാർ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് ശംഖുവരയൻ ഇനത്തില്‍പ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയില്‍ നിലത്തും പിന്നെ കട്ടിലിലും കുട്ടികള്‍ കിടന്നിരുന്നു. അന്നേ ദിവസം പുലർച്ചെ രണ്ടു മണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കള്‍ ആദ്യം കരുതിയത്. വായില്‍ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം ആല്‍ജോയ്ക്ക് ജീവൻ നഷ്ടമാവുകയായിരുന്നു.
