Zygo-Ad

കേരളത്തിൽ കടുത്ത ചൂട്; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത, ജാഗ്രത നിർദ്ദേശം

 


തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ മൂന്നു ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഈ ജില്ലകളിൽ താപനില സാധാരണയേക്കാൾ 4 മുതൽ 5 ഡിഗ്രി വരെ അധികമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഏപ്രിൽ 26 വരെ 12 ജില്ലകളിൽ ഉയർന്ന താപനില തുടരും.

ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, അവധിക്കാല ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല. കൊടുംചൂടിന് ആശ്വാസമായി ഈ മാസം 27-ഓടെ സംസ്ഥാനത്ത് വേനൽമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

 

വളരെ പുതിയ വളരെ പഴയ