തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അങ്കണവാടികൾക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശവും കണക്കിലെടുത്താണ് നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കുട്ടികളുടെ ആരോഗ്യം മുൻനിർത്തിയാണ് ഒരാഴ്ചത്തേക്ക് അങ്കണവാടികളുടെ പ്രവർത്തനം നിർത്തിവെക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചത്. തുടർച്ചയായി വർധിച്ചുവരുന്ന താപനില കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ നടപടി.
