തിരുവനന്തപുരം: കടുത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
മഴ പ്രവചനത്തിനിടയിലും സംസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്. ഇതേത്തുടർന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ താപനില 36°C വരെ ഉയർന്നേക്കാം. സാധാരണ താപനിലയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
