Zygo-Ad

ഇന്ധന നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചു, പക്ഷേ വില കുറയില്ല


 ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, ഇന്ധനങ്ങളുടെ അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന്റെ തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായും, ഡീസലിന്റേത് ലിറ്ററിന് 10 രൂപയിൽ നിന്ന് പൂജ്യമായും (0) കുറച്ചു.

എക്സൈസ് തീരുവയിൽ വലിയ കുറവ് വരുത്തിയെങ്കിലും സാധാരണക്കാർക്ക് ചില്ലറ വിൽപനയിൽ ഉടൻ വിലക്കുറവ് ലഭിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ നടപടി. സ്വകാര്യ എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര (Nayara Energy) കഴിഞ്ഞ ദിവസം പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് നയാര കൂട്ടിയത്. ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ കമ്പനി ഒരുങ്ങുന്നതിനിടെയാണ് ഈ വില വർദ്ധനവ്. രാജ്യത്തുടനീളം 6,660 ഔട്ട്‌ലെറ്റുകളാണ് നയാരയ്ക്കുള്ളത്. നിലവിൽ മറ്റ് പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ വിപണിയിലെ മാറ്റങ്ങൾ നിർണ്ണായകമാകും.



വളരെ പുതിയ വളരെ പഴയ