ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ 'എനർജി ലോക്ക്ഡൗൺ' ഉണ്ടാകുമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കെട്ടുകഥകൾ വിശ്വസിക്കരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻ്റിൻ്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരം പ്രചരണങ്ങൾ ഉണ്ടായത്. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളെ തരണം ചെയ്യാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇത് പുതിയ ലോക്ക്ഡൗണിൻ്റെ സൂചനയാണെന്ന രീതിയിലായിരുന്നു പ്രചാരണം.
എന്നാൽ, രാജ്യത്ത് ഒരു തരത്തിലുള്ള ലോക്ക്ഡൗണും ഏർപ്പെടുത്താൻ നിലവിൽ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പെട്രോൾ, ഡീസൽ, എൽ.പി.ജി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത സർക്കാർ നിരന്തരം ഉറപ്പുവരുത്തുന്നുണ്ട്. അതിനാൽ ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുകയോ തെറ്റായ വാർത്തകളിൽ വിശ്വസിക്കുകയോ ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.
