Zygo-Ad

'പുഷ്പ 2' റിലീസിനിടെ യുവതി മരിച്ച സംഭവം; പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിന് 3.20 കോടി രൂപ നല്‍കി അല്ലു അര്‍ജുന്‍


പുഷ്പ 2 റിലീസിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. സിനിമ റിലീസായി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സംഭവത്തില്‍ പരിക്കേറ്റ കുട്ടിയെ തെലുങ്കാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനും നിര്‍മാതാവുമായ ദില്‍ രാജു സന്ദര്‍ശിച്ചു.

കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുന്‍ ഇതിനോടകം 3.20 കോടി രൂപ നല്‍കിയെന്ന് അദ്ദേഹം വീഡിയോയിലൂടെ അറിയിച്ചു.

അല്ലു അര്‍ജുന്റെ ടീം പുറത്തു വിട്ട വീഡിയോയില്‍ കുടുംബത്തിനായി 3.20 കോടി രൂപ നല്‍കിയെന്നും ഇതില്‍ 1.5 കോടി രൂപ കുട്ടിയുടെ പേരില്‍ സ്ഥിര നിക്ഷേപമായി ബാങ്കില്‍ നിേക്ഷപിച്ചിട്ടുണ്ടെന്നും ദില്‍ രാജു അറിയിച്ചു. 

പ്രതിമാസം 75, 000 രൂപ ലഭിക്കുന്ന രീതിയിലാണ് തുക ബാങ്കില്‍ നിക്ഷേപിച്ചതെന്നും കുടുംബത്തിന്റെ ജീവിതച്ചെലവുകളും വൈദ്യ സഹായത്തിനും ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നിക്ഷേപിച്ചതെന്നും വീഡിയോയില്‍ പറയുന്നു. 

കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എന്നാല്‍ ചികിത്സയ്ക്കായി പിതാവ് കൂടുതല്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജു പറഞ്ഞു. അല്ലുവിന്റെ പിതാവ് അരവിന്ദുമായി സംസാരിച്ച്‌ അദ്ദേഹത്തെ സഹായിക്കുമെന്ന് ഉറപ്പു നല്‍കിയതായും രാജു കൂട്ടിച്ചേര്‍ത്തു.

2024 ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയും ദില്‍സുഖ്‌നഗര്‍ സ്വദേശിനിയുമായ രേവതി നേരത്തേ മരണപ്പെട്ടിരുന്നു. 

യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം.

വളരെ പുതിയ വളരെ പഴയ