Zygo-Ad

ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ചു; സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധി


 ന്യൂഡല്‍ഹി: കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ (Coma) കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ (32) ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകി. ദയാവധത്തിനുള്ള നിയമപരമായ സങ്കീർണ്ണതകൾ നിലനിൽക്കെ, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

മകന്റെ ദുരിതാവസ്ഥ കണക്കിലെടുത്ത് പിതാവ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇതിനുമുമ്പ് രണ്ട് തവണ അപേക്ഷ തള്ളിയിരുന്നെങ്കിലും മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത്തവണ കോടതി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.

കോടതിയുടെ നിരീക്ഷണം:

ചികിത്സ തുടരുന്നത് രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാക്കുന്നുണ്ടോ അതോ കേവലം ജൈവിക നിലനിൽപ്പ് ദീർഘിപ്പിക്കുക മാത്രമാണോ ചെയ്യുന്നത് എന്നതാണ് ഇത്തരം കേസുകളിൽ പ്രധാനമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിൽ ട്യൂബ് വഴി നൽകുന്ന പോഷക ദ്രാവകങ്ങൾ കൊണ്ട് മാത്രമാണ് ജീവൻ നിലനിൽക്കുന്നതെന്നും സ്വാഭാവികമായ തിരിച്ചുവരവിന് യാതൊരു സാധ്യതയുമില്ലെന്നും ഡോക്ടർമാരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

അപകടം നടന്നത് 2013-ൽ:

2013-ൽ ചണ്ഡീഗഡിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് 19 വയസ്സായിരുന്ന റാണ, പിന്നീട് എയിംസ് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ബോധാവസ്ഥയിലേക്ക് തിരിച്ചുവന്നില്ല. മകന്റെ തീരാദുരിതം കണ്ടുനിൽക്കാനാകാതെയാണ് മാതാപിതാക്കൾ ഒടുവിൽ നിയമപോരാട്ടത്തിലൂടെ ദയാവധത്തിന് അനുമതി തേടിയത്.




വളരെ പുതിയ വളരെ പഴയ