തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത പ്രതിസന്ധി തുടരുന്നു. വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനത്തോളം കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതോടെ കേരളത്തിലെ ഹോട്ടൽ മേഖല സ്തംഭനാവസ്ഥയിലായി. പ്രതിസന്ധി മൂലം സംസ്ഥാനത്തെ നിരവധി ഹോട്ടലുകൾ ഇതിനകം തന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്.
പാചകവാതക വിതരണത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ നിബന്ധനകൾ കേരളത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ മുൻഗണനാ സ്ഥാപനങ്ങൾക്ക് ഗ്യാസ് വിതരണത്തിൽ പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യം മുതലെടുത്ത് നടക്കുന്ന കരിഞ്ചന്ത വിൽപന തടയാൻ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
