തിരൂർ: ഇസ്തിരിപ്പെട്ടി അശ്രദ്ധമായി ഓൺ ആക്കി വെച്ചതിനെത്തുടർന്ന് ബിപി അങ്ങാടിക്ക് സമീപം പാറശ്ശേരിയിൽ വീടിന് തീപിടിച്ചു. വീടിന്റെ രണ്ടാം നിലയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളുടെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.
തുണികൾ ഇസ്തിരിയിട്ട ശേഷം അയൺ ബോക്സ് ഓഫ് ചെയ്യാൻ വീട്ടുകാർ മറന്നുപോയതാണ് അപകടത്തിന് കാരണമായത്. രണ്ടാം നിലയിലെ മുറിയിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട അയൽവാസികൾ ഉടൻ തന്നെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടുകാർ ഒത്തുചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിലൂടെ തീ മറ്റു മുറികളിലേക്ക് പടരുന്നത് തടയാൻ സാധിച്ചു. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.
