വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ സംഭവങ്ങളിൽ വിശദീകരണവുമായി നടൻ മമ്മൂട്ടി. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ മമ്മൂട്ടി നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. തന്നെ വ്യക്തിപരമായി അപമാനിക്കാൻ മമ്മൂട്ടി ശ്രമിച്ചിട്ടില്ലെന്നും വിഷയത്തിലെ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും കെ. റഫീഖ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ടൗൺഷിപ്പ് സന്ദർശനത്തിനിടെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച റഫീഖിനോട് മമ്മൂട്ടി പ്രതികരിച്ച രീതി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. എന്നാൽ, തന്റെ ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്ന് റഫീഖ് പറഞ്ഞു. മമ്മൂട്ടി തന്നെ വീഡിയോ കോളിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളും വലതുപക്ഷ സൈബർ കേന്ദ്രങ്ങളും ഈ വിഷയത്തെ വക്രീകരിച്ച് പ്രചരിപ്പിച്ചതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. സർക്കാർ പുനരധിവാസത്തിനായി പടുത്തുയർത്തിയ ടൗൺഷിപ്പിന്റെ തിളക്കം കുറയ്ക്കാൻ ഇത്തരം വിവാദങ്ങൾ കാരണമാകരുത്. മമ്മൂട്ടി എന്ന മഹാനായ കലാകാരന്റെ സന്ദർശനത്തെ പോസിറ്റീവായി കാണണമെന്നും, ദുരന്തബാധിതരുടെ പുഞ്ചിരിക്കായി നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും കെ. റഫീഖ് തന്റെ കുറിപ്പിൽ അഭ്യർത്ഥിച്ചു
