Zygo-Ad

ജോലി സമയം കഴിഞ്ഞാല്‍ ഇമെയിലും വേണ്ട, ഫോണും വേണ്ട; 'റൈറ്റ് റ്റു ഡിസ്‌കണക്‌ട്' ബില്‍ സഭയില്‍ അവതരിപ്പിച്ചു


ന്യൂഡല്‍ഹി: ഇന്നത്തെ ആധുനിക ലോകത്ത് തൊഴില്‍ സംസ്‌കാരം മാറിയപ്പോള്‍, തൊഴിലുടമകള്‍ ജീവനക്കാരുടെ ഒഴിവു സമയങ്ങളിലേക്ക് കടന്നു കയറുന്നത് വർധിച്ചു വരുമ്പോള്‍ പുതിയ ബില്ലുമായി ലോക്‌സഭയില്‍ എത്തിയിരിക്കുകയാണ് എൻസിപി എംപി സുപ്രിയ സുലെ.

നേരത്തെ തന്നെ ഈ വെല്ലുവിളി പ്രതിരോധിക്കാൻ ഫ്രാൻസ്, പോർച്ചുഗല്‍, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ നിലവിലുള്ള റൈറ്റ് റ്റു ഡിസ്‌കണക്‌ട് ബില്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതൊരു സ്വകാര്യ ബില്‍ ആണ്.

സർക്കാർ നിയമ നിർമ്മാണം ആവശ്യമുള്ള വിഷയങ്ങളില്‍ ലോക്‌സഭാ, രാജ്യസഭാ അംഗങ്ങള്‍ക്ക് ബില്ലുകള്‍ കൊണ്ടുവരാം. എന്നാല്‍, സർക്കാർ പ്രതികരണത്തിന് ശേഷം മിക്കവയും പിൻവലിക്കപ്പെടാറാണ് പതിവ്. 

സുപ്രിയ സുലെ അവതരിപ്പിച്ച ബില്‍ ജീവനക്കാർക്കായി ഒരു ക്ഷേമ അതോറിറ്റി സ്ഥാപിക്കുക, ഔദ്യോഗിക സമയം, അവധി ദിവസങ്ങള്‍ എന്നിവയ്ക്ക് ശേഷം ജോലി സംബന്ധമായ ആശയവിനിമയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാൻ അവകാശം നല്‍കുക എന്നിവയാണ് ആവശ്യപ്പെടുന്നത്.

ജോലി സമയം കഴിഞ്ഞും നിരന്തരം സമയം അതിനായി ചിലവഴിക്കേണ്ടി വരുന്നത് ആരോഗ്യപരമായ വെല്ലുവിളിയാണെന്ന് പഠനങ്ങള്‍ പറയുന്നു. 

ഇത്തരത്തില്‍ രാപ്പകല്‍ ലഭ്യമാകേണ്ടി വരുന്ന ജീവനക്കാർക്ക് ഉറക്കമില്ലായ്‌മ, മാനസിക പിരിമുറുക്കം, വൈകാരിക ക്ഷീണം പോലുള്ള അമിതജോലിയുടെ അപകടസാധ്യതകള്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നതായി ബില്ലില്‍ പരാമർശമുണ്ട്.

'കോളുകള്‍ക്കും ഇ-മെയിലുകള്‍ക്കും നിരന്തരം പ്രതികരിക്കാനുള്ള പ്രേരണ ('ടെലിപ്രഷർ'), അവധി ദിവസങ്ങളില്‍ പോലും ഇവ പരിശോധിക്കുന്നത് ജീവനക്കാരുടെ തൊഴില്‍-ജീവിത സന്തുലനം തകർക്കുന്നു. ഒരു പഠനം അനുസരിച്ച്‌, നിരന്തരമായ ജോലി സംബന്ധമായ സന്ദേശ നിരീക്ഷണം തലച്ചോറിന് അതിഭാരം നല്‍കി ഇൻഫോ-ഒബേസിറ്റിയിലേക്ക് നയിക്കാം' എന്നും അതില്‍ പറയുന്നു.

 ബില്ലില്‍ ആവശ്യപ്പെടുന്നത് എന്തൊക്കെയാണ്?

ജോലി കഴിഞ്ഞ് തൊഴിലുടമയ്ക്ക് ബന്ധപ്പെടാമെങ്കിലും, ജീവനക്കാരന് പ്രതികരിക്കാതിരിക്കാൻ അവകാശമുണ്ട്; അച്ചടക്ക നടപടി നേരിടേണ്ടിയും വരില്ല.

ജോലി കഴിഞ്ഞും അവധിയിലും ഔദ്യോഗിക കോളുകളും ഇ-മെയിലുകളും ഒഴിവാക്കാനുള്ള അവകാശം ഉറപ്പാക്കാൻ ഒരു ജീവനക്കാരുടെ ക്ഷേമ അതോറിറ്റി സ്ഥാപിക്കണം.

ജോലി കഴിഞ്ഞുള്ള ഡിജിറ്റല്‍, ആശയവിനിമയ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച്‌ ആഴത്തിലുള്ള പഠനം നടത്താൻ അതോറിറ്റിക്ക് നിർദ്ദേശം നല്‍കണം.

പത്ത് ജീവനക്കാരില്‍ കൂടുതലുള്ള കമ്ബനികള്‍, ജോലി സമയം കഴിഞ്ഞുള്ള ജോലിയുടെ നിബന്ധനകള്‍ ജീവനക്കാരുമായോ യൂണിയനുകളുമായോ ചർച്ച ചെയ്‌ത്‌ തീരുമാനിക്കണം. ഇത്തരം ജോലികള്‍ക്ക് സാധാരണ വേതന നിരക്കില്‍ ഓവർടൈം ലഭിക്കാനും അർഹതയുണ്ടായിരിക്കണം.

തൊഴില്‍-ജീവിത സന്തുലനം നിലനിർത്താൻ, കമ്ബനികളുമായി ആലോചിച്ച്‌ സർക്കാർ കൗണ്‍സിലിംഗ് സേവനങ്ങളും ഡിജിറ്റല്‍ ഡിറ്റോക്‌സ് സെന്ററുകളും സ്ഥാപിക്കണം.

നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്താൻ നിർദേശങ്ങളുണ്ട്. ജീവനക്കാരുടെ മൊത്തം വേതനത്തിന്റെ 1 ശതമാനം തുക പിഴയായി കമ്ബനികള്‍ നല്‍കേണ്ടി വരും.

മറ്റ് സ്വകാര്യ ബില്ലുകള്‍

കാടിയം കാവ്യ (കോണ്‍ഗ്രസ്) അവതരിപ്പിച്ച "മെൻസ്ട്രുവല്‍ ബെനിഫിറ്റ്സ് ബില്‍, 2024" ആർത്തവ സമയത്ത് സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സൗകര്യങ്ങളും പിന്തുണയും ലക്ഷ്യമിടുന്നു.

 ഇതിന് നിയമപരമായ ചട്ടക്കൂട് നല്‍കുന്നതാണ് ബില്‍. ശംഭവി ചൗധരി (എല്‍ജെപി) അവതരിപ്പിച്ച ബില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാർത്ഥിനികള്‍ക്കും ശമ്ബളത്തോടുകൂടിയ ആർത്തവ അവധി, ശുചിത്വ, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നു.

ബിരുദതല മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കാനുള്ള ഒരു ബില്‍ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും അവതരിപ്പിച്ചിട്ടുണ്ട്. 

ഇന്ത്യയില്‍ വധശിക്ഷ നിർത്തലാക്കുന്നതിനുള്ള ഒരു ബില്‍ ഡിഎംകെ എംപി കനിമൊഴി കരുണാനിധി അവതരിപ്പിച്ചു. വധശിക്ഷ എടുത്തു കളയണമെന്ന് ആവർത്തിച്ച്‌ ആവശ്യമുയരുന്ന സാഹചര്യത്തിലാണ് കനിമൊഴിയുടെ നീക്കം.

വളരെ പുതിയ വളരെ പഴയ