കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനില്‍ വെച്ച് ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തില്‍ എസ്‌എച്ച്‌ഒ കെ.ജി.പ്രതാപചന്ദ്രനെ സസ്‌പെൻഡ് ചെയ്തു.
2024-ല്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. നിലവില്‍ അരൂർ പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയാണ് പ്രതാപചന്ദ്രൻ.
നോർത്ത് പോലീസ് സ്റ്റേഷനു സമീപം റെയില്‍വേ സ്റ്റേഷന് എതിർവശത്ത് ബെൻ ടൂറിസ്റ്റ് ഹോമും ഹോട്ടലും നടത്തുന്ന ബെൻജോ ബേബിയുടെ ഭാര്യ ഷൈമോള്‍ക്കാണ് മർദനമേറ്റത്. 2024 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം.
പൊതുസ്ഥലത്തെ പോലീസ് മർദനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനാണ് ഷൈമോളുടെ ഭർത്താവിനെ മഫ്ടിയിലെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേനിലേക്ക് കൊണ്ടുവന്നത്. ഇത് തിരക്കി സ്റ്റേഷനിലെത്തിയപ്പോാണ് യുവതിയ്ക്കും മർദനമേറ്റത്.
ഒരു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി നിർദേശ പ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരിയായ ഷൈമോള്‍ക്ക് ലഭിച്ചത്. പോലീസ് തന്നെ കൂട്ടം ചേർന്ന് മർദിച്ചെന്നും സംഭവം മൂടിവെയ്ക്കാല്‍ ശ്രമച്ചെന്നും തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നും പരാതിക്കാരി പറയുന്നു.
എന്നാല്‍ പോലീസ് അന്ന് ഈ ആരോപങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു, യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുവെന്നും പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.
എസ്‌എച്ച്‌ഒയെ യുവതി മർദിച്ചുവെന്നും പോലീസ് ആരോപിച്ചിരുന്നു. പുറത്തു വന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
