Zygo-Ad

ജിലേബിക്ക് നൽകിയ 500 രൂപ സിനിമാ ഡ്യൂപ്ലിക്കേറ്റ് നോട്ട്; ആർട്ട് അസിസ്റ്റന്റ് അറസ്റ്റിൽ


മലപ്പുറം: സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് 500 രൂപ നോട്ടുകൾ പൊതുവിപണിയിൽ ചെലവഴിച്ച കേസിൽ സിനിമാ ആർട്ട് സംഘത്തിലെ അംഗം അറസ്റ്റിൽ. ആലപ്പുഴ വളവിൽചിറ സ്വദേശി ഷൽജിൻ (50) ആണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. ഇയാൾ സിനിമയിൽ ആർട്ട് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.

പ്രതിയിൽ നിന്ന് 500 രൂപയുടെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്. സിനിമാ ഷൂട്ടിങ്ങിന് മാത്രം ഉപയോഗിക്കണമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് എഴുത്ത് മായ്ച്ചുകളഞ്ഞ ശേഷമാണ് ഈ നോട്ടുകൾ വിപണിയിൽ വിനിമയം ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളത്തെ ഒരു പ്രസ്സിൽ നിന്നാണ് ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ വാങ്ങിയതെന്നാണ് പ്രതിയുടെ മൊഴി.

കുറ്റിപ്പുറം–തവനൂർ റോഡിലെ ഒരു ജിലേബി കടയിൽ 500 രൂപ നോട്ട് നൽകി 70 രൂപയുടെ ജിലേബി വാങ്ങിയ ശേഷം 430 രൂപ ബാക്കി വാങ്ങിയാണ് ഷൽജിൻ മടങ്ങിയത്. എന്നാൽ സംശയം തോന്നിയ കടക്കാരൻ കൈവശമുണ്ടായിരുന്ന മറ്റൊരു 500 രൂപ നോട്ടുമായി ഒത്തുനോക്കിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. നോട്ടിന്റെ കനത്തിൽ വ്യത്യാസം കണ്ടതോടെ കടക്കാരൻ ബഹളം വെക്കുകയും, രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയും ചെയ്തു.

പച്ചക്കറി കടകൾ, മീൻ മാർക്കറ്റുകൾ, ലോട്ടറി കടകൾ തുടങ്ങി വിവിധ ഇടങ്ങളിലായി നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനിടെ ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ ചെലവഴിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി മേഖലകളിലായി കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കുറ്റിപ്പുറം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


വളരെ പുതിയ വളരെ പഴയ