തിരുവനന്തപുരം: വധുവിന്റെ മാതാവ് കടം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബ്ലേഡ് മാഫിയയുടെ ഭീഷണി. ഇതേത്തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയ മനോവിഷമത്തിൽ വധു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കല്ലമ്പലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്ത മാസമായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വധുവിന്റെ അമ്മയുമായുള്ള സാമ്പത്തിക തർക്കത്തിന്റെ പേരിൽ ബ്ലേഡ് മാഫിയ സംഘം വരന്റെ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. വധുവിന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിഞ്ഞതോടെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. തന്റെ വിവാഹം മുടങ്ങാൻ കാരണമായത് വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളാണെന്ന മനോവിഷമത്തിലാണ് പെൺകുട്ടി കടുംകൈക്ക് മുതിർന്നത്.
സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എട്ടുപേർക്കെതിരെ കല്ലമ്പലം പോലീസ് കേസെടുത്തു. പലിശ സംഘത്തിന്റെ ഭീഷണിപ്പെടുത്തലിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
