Zygo-Ad

മൂന്ന് കോടിയുടെ ഇൻഷുറൻസ് തുകയ്ക്കായി ക്രൂരത; അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കൾ പിടിയിൽ


 ചെന്നൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ മക്കൾ തമിഴ്‌നാട്ടിൽ പിടിയിലായി. തിരുവള്ളൂർ പോത്താട്ടൂർപേട്ടൈ സ്വദേശിയും സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റുമായ ഇ.പി. ഗണേശൻ (56) കൊല്ലപ്പെട്ട കേസിൽ മക്കളായ മോഹൻരാജ് (26), ഹരിഹരൻ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബറിൽ നടന്ന മരണം സ്വാഭാവികമായ പാമ്പ് കടിയേറ്റുള്ള അപകടമരണമാണെന്ന് കരുതിയെങ്കിലും ഇൻഷുറൻസ് കമ്പനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

ഇൻഷുറൻസ് തുക ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന

ഗണേശന്റെ പേരിൽ ഒട്ടേറെ ഇൻഷുറൻസ് പോളിസികളാണ് മക്കൾ ചേർത്തിരുന്നത്. ആകെ മൂന്ന് കോടി രൂപയോളം ക്ലെയിം ഇനത്തിൽ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് മക്കൾ അച്ഛനെ ഇല്ലാതാക്കാൻ തീരുമാനിച്ചത്. കൊലപാതകം അപകടമരണമായി ചിത്രീകരിക്കാനാണ് പാമ്പിനെ ഉപയോഗിക്കാൻ പദ്ധതിയിട്ടത്. ഇതിനായി ഇവർ സഹായികളുടെ സഹായത്തോടെ വിഷപ്പാമ്പുകളെ സംഘടിപ്പിച്ചു.

ആദ്യശ്രമം പരാജയപ്പെട്ടു, രണ്ടാമത് വെള്ളിക്കെട്ടനെ ഉപയോഗിച്ചു

മരണത്തിന് ഒരാഴ്ച മുമ്പ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് ഗണേശനെ കടിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് വിഷമേൽക്കാത്തതിനാൽ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. ഇതോടെ പദ്ധതി മാറ്റിയ പ്രതികൾ രണ്ടാമത് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ എത്തിച്ചു. ഗണേശൻ ഉറങ്ങിക്കിടക്കുമ്പോൾ കഴുത്തിൽ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കാൻ പാമ്പിനെ ഇവർ തന്നെ തല്ലിക്കൊന്നു.

തുമ്പായത് ഇൻഷുറൻസ് കമ്പനിയുടെ സംശയം

മരണത്തിന് തൊട്ടുമുമ്പ് വലിയ തുകയുടെ പോളിസികൾ എടുത്തതും മക്കളുടെ അസ്വാഭാവിക പെരുമാറ്റവുമാണ് ഇൻഷുറൻസ് കമ്പനി അധികൃതർക്ക് സംശയമുണ്ടാക്കിയത്. തമിഴ്‌നാട് നോർത്ത് ഐജിക്ക് നൽകിയ പരാതിയെത്തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഗണേശന്റെ രണ്ട് മക്കൾക്ക് പുറമേ, പാമ്പിനെ എത്തിക്കാൻ സഹായിച്ച നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ