കാസർഗോഡില്‍ പരീക്ഷ കഴിഞ്ഞ് തിരിച്ചു എത്തിയ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രജ്വല്‍ (14) ആണ് മരിച്ചത്. ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര- അനിത ദമ്ബതികളുടെ മകനാണ് പ്രജ്വല്‍.
ഇന്നലെയായിരുന്നു സംഭവം. ഞായറാഴ്ച പ്രജ്വല്‍ അമ്മയുടെ വീട്ടില്‍ പോയിരുന്നു. തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷയെഴുതാൻ സ്കൂളിലേക്ക് പോയത്.
പരീക്ഷ ഉച്ചക്ക് ശേഷമാണെന്ന് കരുതി 11 മണി ആയപ്പോഴായിരുന്നു സ്കൂളില്‍ എത്തിയത്. എന്നാല്‍ രാവിലെ ആയിരുന്നു എക്സാം. ലേറ്റ് ആയിട്ട് വന്നിട്ടും എക്സാം എഴുതാൻ സമ്മതിച്ചു എന്നാണ് അദ്ധ്യാപകർ പറയുന്നത്.
പരീക്ഷ കഴിഞ്ഞ് തിരിച്ചു എത്തിയപ്പോഴാണ് പ്രജ്വല്‍ തൂങ്ങി മരിച്ചത്. പ്രജ്വലിന്റെ അമ്മ അനിത മുള്ളേരിയ സ്കൂളില്‍ പഠിക്കുന്ന മകളെ കൂട്ടാൻ പോയതായിരുന്നു.
ഈ സമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. അനിത തിരച്ചെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ പ്രജ്വലിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി രക്ഷിതാക്കള്‍ക്കോ സഹപാഠികള്‍ക്കോ അറിയില്ല. സംഭവത്തില്‍ ആദൂർ പൊലീസ് കേസ് എടുത്തിരിക്കുകയാണ്.
