Zygo-Ad

ട്രെയിൻ കടന്നുപോകുമ്പോള്‍ പുറത്തേക്ക് പാഴ്സലുകള്‍ വലിച്ചെറിയുന്നു; നാട്ടുകാര്‍ അറിയിച്ചതിനെ തുടർന്ന് യുവതി 8 കിലോ കഞ്ചാവുമായി പിടിയില്‍


കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്പാശേരി പൊലിസ് പിടികൂടി.

ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാർ സിങ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂർ ഭാഗത്താണ് സംഭവം.

നാട്ടുകാരുടെ ജാഗ്രത

അതിരാവിലെ ട്രെയിൻ കടന്നുപോകുന്നതിനിടെ ആരോ എന്തോ പൊതികള്‍ പുറത്തേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലിസ് സ്ഥലത്തെത്തിയപ്പോള്‍, ഈ പൊതികള്‍ ശേഖരിച്ച്‌ പോവുകയായിരുന്ന യുവതിയെയാണ് കണ്ടത്. യുവതിയുടെ ബാഗില്‍ നാല് പൊതികളിലായി, ട്രെയിനില്‍ നിന്ന് എറിഞ്ഞുകൊടുത്ത 8 കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.

കഞ്ചാവ് കടത്തിന് പുതിയ തന്ത്രം

റെയില്‍വേ സ്റ്റേഷനുകളിലെ പരിശോധന ശക്തമായതോടെ കഞ്ചാവ് കടത്തുകാർ പുതിയ തന്ത്രം ഉപയോഗിക്കാൻ തുടങ്ങിയതിന്റെ സൂചനയാണിത്. ആളൊഴിഞ്ഞ സ്ഥലങ്ങള്‍ മുൻകൂട്ടി കണ്ടെത്തി. 

ട്രെയിൻ ആ ഭാഗത്ത് എത്തുമ്പോള്‍ കഞ്ചാവ് പാഴ്സലുകള്‍ പുറത്തേക്ക് എറിയും. പുറത്ത് കാത്തു നില്‍ക്കുന്നവർ ഇത് ശേഖരിച്ച്‌ കടത്തിക്കൊണ്ടു പോവുകയാണ് രീതി.

പിടിയിലായ യുവതി നേരത്തെയും സമാനമായ രീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് നെടുമ്പാശേരി പൊലിസ് അന്വേഷിച്ചു വരികയാണ്.

വളരെ പുതിയ വളരെ പഴയ