Zygo-Ad

ആൾക്കൂട്ട വിചാരണ: മോഷ്ടാവെന്നു സംശയിച്ച് വളഞ്ഞിട്ട് തല്ലിച്ചതച്ചു; വാളയാറിലെ കൊടും ക്രൂരതയിൽ ദാരുണ മരണം: അഞ്ച് പേര്‍ക്കെതിരെ കേസ്


പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മർദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് കൊടും ക്രൂരത.മരണം ആള്‍ക്കൂട്ട കൊലപാതകമെന്ന് പൊലീസ്. ബിഎന്‍എസ് 103 (2) പ്രകാരം കേസെടുത്തു.

അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെയാണ് മോഷ്ടാവാണെന്നു സംശയിച്ച് ആള്‍ക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്യല്‍ എന്ന പേരില്‍ തല്ലിച്ചതച്ചത്. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായണ്‍ ഭയ്യാർ (31) ആണു മരിച്ചത്.

മര്‍ദ്ദനത്തിന് ശേഷം അവശനിലയില്‍ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരിച്ചു.

സംഭവത്തില്‍ പോലീസ് 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുള്ളതായാണ് വിവരം. പ്രദേശവാസികളില്‍ ഇക്കാരണത്താല്‍ ആശങ്ക പടർന്നു. അട്ടപ്പള്ളത്തു ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. 

രാമനാരായണ്‍ മദ്യപിച്ചിരുന്നു. എന്നാല്‍, കയ്യില്‍ മോഷണ വസ്തുക്കളൊന്നും ഇല്ലായിരുന്നു എന്ന് പോലീസ് . നാട്ടുകാരുടെ മർദനമേറ്റ രാമനാരായണ്‍ ഭയ്യാർ ചോരതുപ്പി നിലത്തു വീണു.

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നാട്ടുകാരായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ 5 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

രാമനാരായണിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ടെന്നും മരണ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വ്യക്തതമാകൂവെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് പറഞ്ഞു.

2018ല്‍ പാലക്കാട് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണം ആരോപിച്ച്‌ ആള്‍ക്കൂട്ട വിചാരണ നടത്തി മർദിച്ച്‌ കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു.

മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ അന്ന് സമൂഹ്യ മാധ്യമങ്ങളിൽ പുറത്തു വന്നിരുന്നു. കേസിലെ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴു വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ