തിരുവനന്തപുരം: ക്രിസ്മസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വീടുകളും സ്ഥാപനങ്ങളും ദീപാലങ്കാരങ്ങളാൽ മിന്നിത്തിളങ്ങുമ്പോൾ, ഒപ്പം സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് കെ.എസ്.ഇ.ബി. 'ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കട്ടെ' എന്ന സന്ദേശവുമായാണ് കെ.എസ്.ഇ.ബി ഫെയ്‌സ്ബുക്കിലൂടെ സുപ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
* ഗുണനിലവാരം പ്രധാനം: ദീപാലങ്കാരങ്ങൾക്കായി ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഉപയോഗിക്കരുത്. ഐ.എസ്.ഐ മുദ്രയുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം തിരഞ്ഞെടുക്കുക.
* കണക്ഷൻ രീതികൾ: വൈദ്യുത കണക്ഷനുകൾക്കായി പ്ലഗ്, സ്വിച്ച് എന്നിവ മാത്രം ഉപയോഗിക്കുക. വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തുന്നത് ഒഴിവാക്കണം.
* ലോഹപ്രതലങ്ങൾ: ഇരുമ്പ് ഗ്രില്ലുകൾ അല്ലെങ്കിൽ മറ്റ് ലോഹനിർമ്മിതമായ പ്രതലങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണം. മതിയായ ഇൻസുലേഷൻ ഉറപ്പാക്കി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ഇവ സ്ഥാപിക്കുക.
* പിന്നുകൾ വേണ്ട: വയറിൽ മൊട്ടുസൂചിയോ സേഫ്റ്റി പിന്നോ കുത്തി കണക്ഷൻ എടുക്കുന്നത് അപകടകരമാണ്. ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കാം.
* സുരക്ഷാ കവചം: വീടുകളിലെ ELCB/RCCB എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വയർ ജോയിന്റുകൾ ശരിയായ രീതിയിൽ ഇൻസുലേറ്റ് ചെയ്യാനും ശ്രദ്ധിക്കണം.
ആഘോഷങ്ങളുടെ ആവേശം അപകടങ്ങളിലേക്ക് വഴിമാറാതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് കെ.എസ്.ഇ.ബി ഓർമ്മിപ്പിച്ചു.
