Zygo-Ad

ചെങ്കോട്ട സ്ഫോടനം: ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍, പിടിയിലായ ഡോക്ടര്‍മാരുടെ എണ്ണം ആറായി; ഊര്‍ജിത അന്വേഷണവുമായി എൻഐഎ


ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഒരു ഡോക്ടർ കൂടി കസ്റ്റഡിയില്‍. കാണ്‍പൂരില്‍ നിന്ന് അനന്ത്നാഗ് സ്വദേശി മൊഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയില്‍ എടുത്തത്.

നേരത്തെ പിടിയിലായ പർവ്വേസിനെ ദില്ലിയില്‍ എത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. 

കൂടാതെ, ഡിസംബർ ആറിന് ചെങ്കോട്ടയില്‍ സ്ഫോടനത്തിന് ആയിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം നടത്തിയതെന്നും റിപ്പോർട്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഭീകര നീക്കം എന്ന നിഗമനത്തിലെത്തിയത്.

ഇതിനിടെ, ദില്ലി സ്ഫോടന കേസില്‍ അന്വേഷണം ഊർജിതമാക്കി എൻഐഎ. ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടർമാർക്കായി തെരച്ചില്‍ ആരംഭിച്ചു. 

രണ്ടിലേറെ ഡോക്ടർമാർ കൂടി നെറ്റ്‍വർക്കിലുണ്ടെന്നാണ് നിഗമനം. ഭീകരർക്ക് കാർ വിറ്റത് ഒന്നര ലക്ഷം രൂപയ്ക്കെന്ന് ഡീലർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

അതേ സമയം, ഹരിയാനയില്‍ അമ്പതിലധികം പേരെ ചോദ്യം ചെയ്തു വരികയാണ്. കൂടാതെ കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധന ഫലം റിപ്പോർട്ട് പുറത്തുവന്നു.

ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഭീകരൻ ഉമറിന്റെ സുഹൃത്ത് താരിഖിന് വില്‍പ്പന നടത്തിയ ഡീലറെ മാധ്യമ സംഘമാണ് കണ്ടെത്തിയത്. ഫരീദാബാദിലെ റോയല്‍ കാർ സോണിലാണ് വില്‍പ്പന നടന്നത്.

 ഒന്നര ലക്ഷം രൂപയ്ക്കാണ് കാർ വിറ്റതെന്ന് ഡീലർ അമിത് പട്ടേല്‍ പറഞ്ഞു. കാർ വാങ്ങിയ താരിഖ് ഉള്‍പ്പെടെ രണ്ടു പേരാണ് വാഹനം വാങ്ങാൻ എത്തിയതെന്നും രണ്ടാമത്തെ ആളെ കുറിച്ച്‌ അറിയില്ലെന്നും അമിത് വ്യക്തമാക്കി.

കശ്മീരില്‍ അറസ്റ്റിലായ ഡോക്ടർ സജാദ് മാലിക്ക് മുസമിലിൻ്റെ സുഹൃത്താണെന്നും ഉമർ വാങ്ങിയ ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുസമീല്‍ ആണെന്നുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.

 വലിയ ആക്രമണത്തെക്കുറിച്ച്‌ ഉമർ എപ്പോഴും സംസാരിച്ചിരുന്നു എന്ന് അന്വേഷണ ഏജൻസി വൃത്തങ്ങള്‍ പറയുന്നു. ഭീകരർക്ക് തുർക്കിയില്‍ നിന്ന് സഹായം കിട്ടിയതും അന്വേഷിക്കുന്നുണ്ട്. 

തുർക്കിയിലെ ചിലർ ഉമർ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നതായാണ് വിവരങ്ങള്‍. അതേ സമയം, ഹരിയാനയില്‍ അമ്പതിലധികം പേരെ ഇതിനോടകം തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു. അന്വേഷണത്തിൻ്റെ വിവരത്തിനായി കാത്തിരിക്കുകയാണ് മന്ത്രിസഭ.

വളരെ പുതിയ വളരെ പഴയ