പാലക്കാട്: വേലന്താവളത്ത് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 1.31 കോടി രൂപയും ഒരാളും പിടിയില്‍.
കോയമ്പത്തൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് രേഖകളില്ലാതെ കൊണ്ടു വരികയായിരുന്ന പണമാണ് കണ്ടെത്തിയത്.
രാവിലെ ആറു മണിയോടെ വേലന്താവളത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസ് സംശയകരമായ രീതിയില്‍ വന്ന വാഹനം തടഞ്ഞു നിർത്തിയത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ വലിയൊരു തുക കണ്ടെത്തിയത്. പണം സൂക്ഷിച്ചിരുന്ന പെരിന്തല്‍മണ്ണ സ്വദേശി എസ്. സുഫിയാനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി സ്ഥിരമായി രേഖകളില്ലാതെ പണം കടത്താറുണ്ടായിരുന്നതായി സൂചനയുണ്ട്. ഇയാളുടെ പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
