തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. മമ്മൂട്ടിക്ക് ഭ്രമയുഗം സിനിമയ്ക്കും ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാർഡ് ലഭിച്ചത്.
സൗബിൻ ഷാഹിർ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ മികച്ച സ്വഭാവ നടന്മാർ. തുടർച്ചയായി 7ാം തവണയും മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കി മമ്മൂട്ടി ചരിത്രം കുറിച്ചു.
പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.
'മഞ്ഞുമ്മല്‍ ബോയിസ്' സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
അന്തിമ വിധി നിർണയ ജൂറി ചെയർമാൻ പ്രകാശ് രാജ്, രചനാ വിഭാഗം ചെയർമാന്‍ മധു ഇറവങ്കര, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ദിവ്യ ഐയ്യർ ഐഎഎസ് തുടങ്ങിയവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
പ്രകാശ് രാജ് ചെയർമാനും സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, മെമ്പർ സെക്രട്ടറി സി. അജോയ് എന്നിവർ അംഗങ്ങളുമായ അന്തിമ വിധി നിർണയ സമിതിയാണ് ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടത്. പ്രാഥമിക ജൂറിയുടെ വിശകലനത്തിന് ശേഷം 38 സിനിമകളാണ് അന്തിമ വിധി നിർണയ സമിതി പരിശോധിച്ചത്.
