Zygo-Ad

ശരീരമാസകലം 20 മുറിവുകള്‍; മകളെ ജീവനോടെ വേണം; വര്‍ക്കലയില്‍ ട്രെയിനില്‍ ആക്രമണത്തിന് ഇരയായ ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അമ്മ


തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ ആക്രമണത്തിന് ഇരയായ പത്തൊന്‍പതുകാരി ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയില്‍ അതൃപ്തി അറിയിച്ച കുടുംബം മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. മകളുടെ ശരീരത്തില്‍ ഇരുപത് മുറിവുകള്‍ ഉണ്ടെന്നും മകളെ ജീവനോടെ വേണമെന്നും അമ്മ പ്രിയദര്‍ശിനി മാധ്യമങ്ങളോട് പറഞ്ഞു

'എന്റെ കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. നെഞ്ചുപൊട്ടിയാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയത്. അവള്‍ക്ക് ജീവന്‍ ഉണ്ടോ ഇല്ലയോ എന്നു പോലും അറിയില്ല. കാലിലൊക്കെ പിടിച്ചു നോക്കിയപ്പോള്‍ ഐസുകട്ട പോലെ ഇരിക്കുന്നു. 

നല്ലൊരു ചികിത്സ കിട്ടിയതായി എനിക്ക് തോന്നുന്നില്ല. ഡോക്ടര്‍മാര്‍ പറയുന്നത് ബോര്‍ഡ് യോഗം ചേര്‍ന്ന് അവരുടെ തീരുമാനം അറിഞ്ഞ ശേഷമെ അടുത്ത ചികിത്സയിലേക്ക് പോകാന്‍ കഴിയൂ എന്നാണ്. അത് ഇനി എപ്പോഴാണ്'- അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

'എന്റെ കുട്ടിക്ക് മികച്ച ചികിത്സയാണ് വേണ്ടത്. ഞാന്‍ അത്ര കഷ്ടപ്പെട്ടാണ് അവളെ വളര്‍ത്തിയത്. ട്രെയിനില്‍ ലേഡീസ് കംപാര്‍ട്ടുമെന്റിലും സുരക്ഷ കിട്ടുന്നില്ലെങ്കില്‍ എവിടെയാണ് സുരക്ഷ കിട്ടുക.

 അയാളുടെ തോന്ന്യാസത്തിനെതിരെ പ്രതികരിച്ചതു കൊണ്ടാണ് അവള്‍ക്ക് ഇങ്ങനെ അനുഭവം ഉണ്ടായത്'- അമ്മ പറഞ്ഞു.

ആരോഗ്യനില തൃപ്തികരമെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ട്രെയിനില്‍ നിന്ന് നടുവിന് ചവിട്ടിയാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ്‌കുമാര്‍ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് എഫ്‌ഐആര്‍. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രിക്കുട്ടിക്കും സുഹൃത്തിന് നേരയും ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. നിലവില്‍ വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ