കൊച്ചി: മറ്റൊരാളില്‍ നിന്ന് വാങ്ങിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രീമിയം അടച്ചിട്ടിരിക്കുന്നതിനാല്‍ ഉടമസ്ഥത മാറിയതു കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ബാധ്യത ഒഴിവാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
കരാര്‍ ലംഘനം ഉണ്ടായിട്ടില്ലെങ്കില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കുന്നത് നിയമ വിധേയമല്ലെന്നും ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് വിധിയില്‍ വ്യക്തമാക്കി.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതിയ ഉടമയുടെ പേരിലാകാത്തതിന്റെ പേരില്‍ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് നഷ്ട പരിഹാരം നിഷേധിച്ചത് തെറ്റാണെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
പാലക്കാട് സ്വദേശി എന്‍ ജെ ജോസഫിന്റെ ഹരജി അംഗീകരിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിക്കാരന്റെ മകന്‍ അനീഷ് 2023 സെപ്റ്റംബര്‍ 21നു മറ്റൊരു വ്യക്തിയില്‍ നിന്ന് ഇരുചക്ര വാഹനം വാങ്ങി ഉടമസ്ഥത മാറ്റാനുള്ള അപേക്ഷയും അന്നുതന്നെ നല്‍കിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 27നുണ്ടായ അപകടത്തില്‍ അനീഷ് മരിച്ചു.
അപകട സമയത്ത് ഇന്‍ഷുറന്‍സ് പോളിസി മുന്‍ ഉടമയുടെ പേരിലാണെന്ന കാരണത്താല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ട പരിഹാരം നിഷേധിക്കുകയും ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ അതിനെ ശരി വെക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്.
