തിരുവനന്തപുരം: വര്‍ക്കലയിലെ ട്രെയിന്‍ ദുരന്തത്തില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ യുവാവിന്റെ ചിത്രം റെയില്‍വെ പൊലീസ് പുറത്തുവിട്ടു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെ രക്ഷിച്ചത് ഈ യുവാവാണ്.
അക്രമിയെ ട്രെയിനിനുള്ളില്‍ നേരിട്ട് ചെറുത്ത് കീഴ്പ്പെടുത്തിയ ഇയാള്‍ കേസിലെ സുപ്രധാന സാക്ഷിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നല്‍കാനും പൊലീസ് ആലോചിച്ചു വരുന്നു.
പെണ്‍കുട്ടിയെ തള്ളിയതിന് പിന്നാലെ സുഹൃത്തിനെയും തള്ളാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞത് ചുവന്ന ഷര്‍ട്ട് ധരിച്ച യുവാവാണ്. ഇയാള്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് വീഴാതെ രക്ഷപ്പെടുത്തി. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള റെയില്‍വെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ പ്രതിയെ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളും വ്യക്തമായി കാണാം.
അതേസമയം, പ്രതിയായ സുരേഷ് കുമാറിനെതിരെ തെളിവ് ശേഖരണം തുടരുകയാണ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ജയിലില്‍ വച്ച് തെളിവ് ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായതിന് ശേഷം പ്രതിയെ കസ്റ്റഡിയിലെടുക്കും.
