അങ്കമാലി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ റോസ്‌ലി കുറ്റം സമ്മതിച്ചു.
അമ്മൂമ്മ റോസിലി (66) ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
കുടുംബത്തോട് നിലനിന്നിരുന്ന ദേഷ്യവും വൈരാഗ്യവുമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായതെന്ന് റോസ്‌ലി അങ്കമാലി പോലീസിൻ്റെ ചോദ്യം ചെയ്യലിനിടെ മൊഴി നല്‍കി.
ആന്റണി-റൂത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളായ ഡെല്‍നയാണ് കൊല്ലപ്പെട്ടത്. കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തിയതിന് പിന്നാലെ മിനിറ്റുകള്‍ക്കകമായിരുന്നു ആക്രമണം. വീട്ടില്‍ നിന്ന് ചോരപുരണ്ട കത്തി കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് തന്നെയാണ് കുട്ടിയുടെ മരണ കാരണമെന്നും, ശരീരത്തില്‍ നിന്ന് അമിത അളവില്‍ രക്തം വാർന്നുപോയിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം റോസ്‌ലി മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കും.
