കണ്ണൂർ:കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ഫോണുകൾ മുതലായ ഡിജിറ്റൽ ഉപകരണങ്ങൾ വഴി നടത്തുന്ന ഉപദ്രവമോ, ഭീഷണിപ്പെടുത്തലോ നിർവചിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് സൈബർ ബുള്ളിയിങ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വിദ്വേഷകരമായ അഭിപ്രായങ്ങളിലൂടെയോ അല്ലെങ്കിൽ സന്ദേശമയക്കലിലൂടെയോ അപമാനം ഉണ്ടാക്കുന്നതുപോലുള്ള വിവിധതരം കുറ്റകൃത്യങ്ങൾ സൈബർ ബുള്ളിയിങ്ങിൽ ഉൾപ്പെടുന്നു.
കുട്ടികളും സ്ത്രീകളുമാണ് സൈബർ ബുള്ളിയിങ്ങിന്റെ ഇരകളിലധികവും. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ച് കേറുന്നതും അഭിപ്രായങ്ങൾ പറയുന്നതും, അവരുടെ വ്യക്തി താല്പര്യങ്ങളെ അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ല. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തള്ളിക്കയറുന്ന പ്രവണത അവസാനിപ്പിക്കാൻ ഓരോ വ്യക്തിയും സ്വയം ബോധവാന്മാരാവേണ്ടതുണ്ട്. ഇന്റർനെറ്റും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുകയും അത് സമൂഹത്തിനുവേണ്ടി നല്ല രീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നല്ലൊരു ഡിജിറ്റൽ സിറ്റിസൺ.
