തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ തീരുമാനിക്കും മുൻപ് അവർക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നിഷ്കർഷിക്കുന്ന യോഗ്യതയുണ്ടോയെന്ന് പാർട്ടികൾ ഉറപ്പാക്കണം. ഇല്ലെങ്കിൽ, ചിലപ്പോൾ നാമനിർദേശ പത്രിക നിരസിക്കപ്പെടും. മത്സരിക്കാൻ ആർക്കാണ് യോഗ്യത? അതിൽ, വ്യക്തത വരുത്തി കമ്മിഷൻ സർക്കുലർ ഇറക്കി.
പാർട് ടൈം ജീവനക്കാർക്ക് മത്സരിക്കാനാകില്ല
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാൾക്ക് അവിടത്തെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേരുണ്ടാകണം. നാമനിർദേശപത്രിക നൽകുന്ന ദിവസം 21 വയസ്സു തികയണം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടറായിരിക്കണം. സംവരണ സീറ്റിൽ മത്സരിക്കുന്നവർ തഹസിൽദാരിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റു നൽകണം.
കേന്ദ്ര-സംസ്ഥാന സർക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളിലെയോ അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയോ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മത്സരിക്കാനാകില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാർക്കും മത്സരിക്കാനാകില്ല. സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലോ സർവകലാശാലയിലോ ഉള്ള ജീവനക്കാർക്കും സ്ഥാനാർഥിയാകാനാകില്ല. പാർട് ടൈം-ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാർക്കും ഇതു ബാധകം.
സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മത്സരിക്കാം
അങ്കണവാടി-ബാലവാടി ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവർക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാം. എന്നാൽ, സാക്ഷരതാ പ്രേരക്‌മാർക്ക് പഞ്ചായത്തുകളിലേ മത്സരിക്കാനാകൂ. സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കു മത്സരിക്കാം. കെഎസ്ആർടിസി ജീവനക്കാർ, എം പാനൽ കണ്ടക്ടർ, ഡ്രൈവർ, ഇലക്‌ട്രിസിറ്റി ബോർഡ് ജീവനക്കാർ, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുവഴി നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാർ എന്നിവർക്ക് മത്സരിക്കാനാകില്ല. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺമാർക്ക് മത്സരിക്കാം. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിലെ സിഡിഎസ് അക്കൗണ്ടന്റുമാർക്ക് മത്സരിക്കാൻ കഴിയില്ല.
കരാറിലേർപ്പെട്ടവരും അയോഗ്യർ
സർക്കാരുമായോ തദ്ദേശസ്ഥാപനവുമായോ കരാറിൽ ഏർപ്പെട്ടിരിക്കുന്നയാൾക്ക് മത്സരിക്കാനാകില്ല. കരാർ കാലാവധി അവസാനിച്ചാൽ മത്സരിക്കാം.സമൂഹനന്മയ്ക്കായി ഒരു പ്രതിനിധി എന്ന നിലയിൽ പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ പണി ഏറ്റെടുക്കുന്നവർക്ക് അയോഗ്യതയില്ല. തദ്ദേശസ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ പാട്ട-വാടക വ്യവസ്ഥയിൽ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അയോഗ്യതയില്ല.
കുടിശ്ശികക്കാർ യോഗ്യരും അയോഗ്യരും
സർക്കാരിലും തദ്ദേശസ്ഥാപനത്തിലും ഏതെങ്കിലും കുടിശ്ശികയുള്ളവർ അയോഗ്യരാണ്. ബാങ്കുകൾ, സർവീസ് സഹകരണ സംഘങ്ങൾ എന്നിവയിൽ കുടിശ്ശികയുള്ളവർക്ക് മത്സരിക്കുന്നതിനു തടസ്സമില്ല. ബാങ്കുകൾ, കെഎഫ്‌സി, കെഎസ്എഫ്ഇ മുതലായവയ്ക്കു കൊടുക്കാനുള്ള കുടിശ്ശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കിൽക്കൂടിയും അത് കുടിശ്ശികയായി പരിഗണിക്കില്ല.
കേസിൽ പ്രതിയായതുകൊണ്ടുമാത്രം വിലക്കാനാകില്ല
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റത്തിന് മൂന്നുമാസത്തിൽ കുറയാതെയുള്ള കാലത്തേക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ആൾക്ക് മത്സരിക്കാനാകില്ല. ശിക്ഷകഴിഞ്ഞ് ജയിൽ മോചിതനായി ആറുവർഷംവരെ അയോഗ്യത തുടരും. ഏതെങ്കിലും കേസുകളിൽ പ്രതിയായതുകൊണ്ടുമാത്രം ഒരാളെ മത്സരത്തിൽനിന്ന് വിലക്കാനാകില്ല.
അയോഗ്യരായ അംഗങ്ങൾക്കും മത്സരിക്കാൻ യോഗ്യത
അഴിമതി, കൂറില്ലായ്മ എന്നിവമൂലം ഉദ്യോഗത്തിൽനിന്നു പിരിച്ചുവിട്ടവരെ അഞ്ചുവർഷത്തേക്കു മത്സരിപ്പിക്കില്ല. മത്സരിച്ചതിനുശേഷം തിരഞ്ഞെടുപ്പു കണക്ക് യഥാസമയം നൽകാത്തവർക്ക് അഞ്ചുവർഷം അയോഗ്യതയുണ്ടാകും. ഗ്രാമസഭയുടെയോ വാർഡുസഭയുടെയോ യോഗം വിളിച്ചുകൂട്ടുന്നതിൽ വീഴ്ചവരുത്തുക,അംഗമായി തുടരവേ തദ്ദേശസ്ഥാപനത്തിന്റെയോ അതിന്റെ സ്റ്റാൻഡിങ് കമ്മിറ്റികളുടെയോ യോഗങ്ങളിൽ ഹാജരാകാതിരിക്കുക എന്നിവ മൂലമുണ്ടായ അയോഗ്യത വീണ്ടും മത്സരിക്കുന്നതിനു തടസ്സമല്ല.
വിലക്കപ്പെട്ട അഭിഭാഷകർക്കും വിലക്ക്
ഒരാൾ ബധിര-മൂകനാണെങ്കിൽ മത്സരിക്കാനാകില്ല. പ്രാക്ടീസ് ചെയ്യുന്നതിൽ വിലക്കപ്പെട്ട അഭിഭാഷകർ, തദ്ദേശസ്ഥാപനത്തിനു വേണ്ടി പ്രതിഫലം പറ്റി അഭിഭാഷകനായി ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കും മത്സരിക്കാനാകില്ല. ഒരാൾക്ക് തദ്ദേശസ്ഥാപനത്തിന്റെ ഒരു വാർഡിലേക്കേ മത്സരിക്കാനാകൂ.ഒന്നിൽക്കൂടുതൽ വാർഡിൽ മത്സരിച്ചാൽ എല്ലാ നാമനിർദേശപത്രികയും നിരസിക്കും. എന്നാൽ, ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കാം.
