ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത് ഉമർ ഉൻ നബി എന്നയാളെന്ന് ഡിഎൻഎ പരിശോധനയില്‍ സ്ഥിരീകരണം.
ഉമറും സംഘവും വാഹനങ്ങളില്‍ ബോംബുകള്‍ ഉപയോഗിച്ച് വലിയ ഭീകരാക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി മൂന്ന് വാഹനങ്ങള്‍ അവർ ശേഖരിച്ചിരുന്നു. ഇതില്‍ ഒരു വാഹനം പൊട്ടിത്തെറിച്ചു.
ഡല്‍ഹിക്ക് പുറമെ അയോധ്യയും ഇവരുടെ ലക്ഷ്യസ്ഥാനങ്ങളായിരുന്നു. തുർക്കി കേന്ദ്രീകരിച്ചാണ് ഈ പദ്ധതികള്‍ ആവിഷ്കരിച്ചതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തില്‍ മരിച്ചയാളുടെ ഡിഎൻഎ സാംപിളുകള്‍ ഡോ. ഉമറിൻ്റെ കുടുംബാംഗങ്ങളുടെ ഡിഎൻഎയുമായി താരതമ്യം ചെയ്യാൻ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് (FSL) നിർദേശം നല്‍കിയിരുന്നു.
ജമ്മു കശ്മീർ സുരക്ഷാ വിഭാഗം ഉമറിൻ്റെ കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുകള്‍ ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്.
ഡല്‍ഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. സ്ഫോടനത്തില്‍ ഉപയോഗിച്ച i20 കാർ പൊട്ടിത്തെറിച്ചു.
മറ്റ് രണ്ട് വാഹനങ്ങളായ ഒരു ചുവന്ന ഇക്കോസ്പോർട്ട്, ഒരു ബ്രെസ്സ കാറും ഇവരുടെ പദ്ധതിയുടെ ഭാഗമായിരുന്നു. വാഹനങ്ങളില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരിക്കാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു.
ഡല്‍ഹി രജിസ്ട്രേഷൻ നമ്പർ 0458 എന്ന് അവസാനിക്കുന്ന ഇക്കോസ്പോർട്ട് വാഹനം ഫരീദാബാദില്‍ നിന്ന് കണ്ടെത്തി. ബ്രെസ്സ കാറിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഈ വാഹനങ്ങളെല്ലാം ഉമർ ഉൻ നബി തന്നെയാണെന്ന് സംഘടിപ്പിച്ചതെന്ന് സൂചനയുണ്ട്.
ഡല്‍ഹിക്ക് പുറമെ അയോധ്യയും ഇവരുടെ ലക്ഷ്യസ്ഥാനങ്ങളായിരുന്നു. നവംബർ 25ന് രാമക്ഷേത്രത്തില്‍ കാവി പതാക ഉയർത്തുന്ന ചടങ്ങിനിടെ ആക്രമണം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. ഇതിനായി അമോണിയം നൈട്രേറ്റ്, ആർഡിഎക്സ് എന്നിവയുടെ മിശ്രിതം ശേഖരിച്ചിരുന്നു.
2022ല്‍ തുർക്കിയില്‍ വെച്ചാണ് ഈ പദ്ധതികള്‍ ആവിഷ്കരിച്ചത്. ഉമർ ഉൻ നബി തുർക്കിയിലുള്ള തൻ്റെ ഹാൻഡ്ലർ ആയ 'ഉകാസ'യുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കുറ്റവാളികളെ കണ്ടെത്താൻ എല്ലാ ഏജൻസികള്‍ക്കും അദ്ദേഹം നിർദേശം നല്‍കി.
പങ്കാളികളായ എല്ലാവരും നമ്മുടെ ഏജൻസികളുടെ പൂർണമായ നടപടി നേരിടേണ്ടി വരുമെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. എൻഐഎയൊട് പ്രാഥമിക കണ്ടെത്തലുകള്‍ വിശദീകരിക്കുന്ന റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനില്‍ നിന്ന് നേരിട്ട് ആഭ്യന്തര മന്ത്രിയെ വിളിച്ച് സ്ഫോടനത്തെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു. അംഗോളയിലുള്ള രാഷ്ട്രപതി ദ്രൗപദി മുർമുവും സ്ഫോടനത്തെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു.
