Zygo-Ad

തിരുവോണം ബമ്പറില്‍ ട്വിസ്റ്റ്: മഹാഭാഗ്യശാലി കൊച്ചിയിലല്ല! 25 കോടി അടിച്ചത് ശരത്തിന്, ടിക്കറ്റ് ഹാജരാക്കി

 


ആലപ്പുഴ: തിരുവോണം ബമ്പറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന് പ്രതീക്ഷകള്‍ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.

എസ് ബി ഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയിലാണ് ബമ്പറടിച്ചതെന്ന് വ്യക്തമായത്. തുറവൂർ തൈക്കാട്ടുശേരി സ്വദേശിയായ ശരത് എസ് നായർക്കാണ് ബമ്ബറടിച്ചത്. നിപ്പോണ്‍ പെയിന്റ്സ് ജീവനക്കാരനായ ശരത് നെട്ടൂരില്‍ നിന്നാണ് ‌ടിക്കറ്റ് എടുത്തത്.

 നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷില്‍ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയില്‍ നിന്നാണ് ലോട്ടറി ഏജന്‍റായ ലതീഷ് ടിക്കറ്റ് വാങ്ങിയത്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തിയത്.

സർക്കാർ ഖജനാവിനും ബമ്ബറടിച്ച അവസ്ഥ

സർക്കാർ ഖജനാവിനാണ് തിരുവോണം ബമ്പറടിച്ചതെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയാകില്ല. കാരണം കിട്ടിയാല്‍ കിട്ടിയെന്ന് കരുതി 500 രൂപ മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേരാണ്.

 ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുക കോടികളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് തിരുവോണം ബമ്പറിലൂടെ ഇത്തവണ ഖജനാവിലെത്തിയത്. 

75 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ മോശമായിപ്പോയ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാ ടിക്കറ്റുകളും വിറ്റു പോയി. അതായത് 375 കോടിയോളം രൂപയാണ് തിരുവോണം ബമ്പർ വിറ്റുവരവ്. 

എന്നാല്‍ ഈ തുക മൊത്തമായും സർക്കാരിന് ലഭിക്കില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാകും സർക്കാരിന് ലഭിക്കുന്നത്. 

ഇത് സംബന്ധിച്ച കൃത്യമായ കണക്ക് വൈകാതെ ലഭ്യമാകും. കനത്ത മഴ കാരണം സെപ്തംബർ 27 ന് നടക്കേണ്ട നറുക്കെടുപ്പ് ഇന്നത്തേക്ക് നീട്ടിയത് തിരുവോണം ബമ്പറിന് ഗുണമായി. 

നറുക്കെടുപ്പ് ഒരാഴ്ച നീണ്ടതോടെ ബമ്പർ ടിക്കറ്റ് മൊത്തവും വിറ്റു പോയി. നാട്ടിലെങ്ങും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു അവസാന മണിക്കൂറുകളില്‍. കൂടുതല്‍ സമയം കിട്ടിയത് കൊണ്ടാണ് ഇത്രയും ടിക്കറ്റുകള്‍ വില്‍ക്കാനായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

25 കോടിയില്‍ എത്ര കിട്ടും ? കമ്മീഷന്‍ എങ്ങനെ? നികുതി എങ്ങനെ ?

തിരുവോണം ബമ്പർ സമ്മാനത്തുക: 25 കോടി

ഏജൻസി കമ്മീഷൻ 10 ശതമാനം : 2.5 കോടി

സമ്മാന നികുതി 30 ശതമാനം: 6.75 കോടി

ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി

നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം: 2.49 കോടി

ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ലക്ഷം

അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി

എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി).

വളരെ പുതിയ വളരെ പഴയ