തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് തൃശൂർ റേഞ്ച് ഡിഐജി എസ് ഹരിശങ്കർ.
2023-ല്‍ നടന്ന സംഭവമാണിതെന്നും ആക്ഷേപം ഉയർന്ന സമയത്ത് തന്നെ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തെന്ന് ഡിഐജി പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമികമായി പരിശോധിച്ച് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരൊക്കെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്, അവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.
ആക്ഷേപം ഉയർന്ന സമയത്തില്‍ അന്വേഷണം നടന്നിരുന്നു. അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരായി കണ്ട ആള്‍ക്കാർക്കെതിരെ ശിക്ഷ നല്‍കിയിട്ടുണ്ട്.
കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി ക്രമങ്ങള്‍ പരിശോധിച്ചതിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കും. അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ശിക്ഷ നല്‍കിയിട്ടുണ്ട്. സ്ഥലം മാറ്റം ഒരു ശിക്ഷയല്ല. വകുപ്പു തലത്തില്‍ പ്രത്യേകം ശിക്ഷ നല്‍കിയിട്ടുണ്ട്.
മൂന്ന് പേർക്ക് ശിക്ഷ നല്‍കി. സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടക്കും. കോടതി നേരിട്ടാണ് അന്വേഷണം നടത്തുന്നതെന്നും ഡിഐജി പ്രതികരിച്ചു.