Zygo-Ad

ദോശക്കല്ലില്‍ ഇരുന്നതെന്ന് ആദ്യമൊഴി; നാലര വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ചു; അമ്മ അറസ്റ്റില്‍


ആലപ്പുഴ: കായംകുളത്ത് നാലര വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ചെന്ന പരാതിയില്‍ അമ്മ അറസ്റ്റില്‍. കുട്ടിയുടെ മുത്തശ്ശി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം.

പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി ദോശക്കല്ലില്‍ ഇരുന്നപ്പോള്‍ പൊള്ളലേറ്റെന്നാണ് അമ്മ പറഞ്ഞിരുന്നത്. 

എന്നാല്‍, സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചതാണെന്ന് പ്രതിയുടെ ഭര്‍തൃ മാതാവ് പോലീസിന് മൊഴി നല്‍കിയത്.

എന്നാല്‍, പ്രതിയും ഭര്‍തൃമാതാവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണോ ഇങ്ങനെ മൊഴി നല്‍കിയതെന്ന് പോലീസ് സംശയിച്ചിരുന്നു. 

തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി ശനിയാഴ്ച രാവിലെ കുട്ടിയുടെ അമ്മയെ വിളിച്ചു വരുത്തുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നിക്കറില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനാണ് കുട്ടിയെ അമ്മ ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ചതെന്നാണ് വിവരം.

വളരെ പുതിയ വളരെ പഴയ