പാലക്കാട്: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ ആണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.
എല്ലാം ശ്രീതുവിനറിയാമായിരുന്നെന്ന് ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ശ്രീതു ഇക്കാര്യം നിഷേധിച്ചെങ്കിലും ഹരികുമാറിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ പിടി വീഴുകയായിരുന്നു. ചോദ്യം ചെയ്യലിനോടും ശ്രീതു സഹകരിക്കുന്നില്ലെന്നാണ് വിവരം.
കഴിഞ്ഞ ജനുവരി 30നായിരുന്നു ദേവേന്ദുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൊലയാളി ഹരികുമാറാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞുവെങ്കിലും കേസില്‍ ഒട്ടേറെ ദുരൂഹതകള്‍ അവശേഷിച്ചിരുന്നു.
ശ്രീതുവും ഭർത്താവ് ശ്രീജിത്തും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. അതിനാല്‍ത്തന്നെ ശ്രീതുവും രണ്ട് മക്കളും ഹരികുമാർ താമസിക്കുന്ന വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. രണ്ടര വയസുകാരിയുടെ പിതാവ് ശ്രീജിത്തല്ലെന്ന് ഡിഎൻഎ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
താനും ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും കുഞ്ഞ് തടസമായതിനാലാണ് കിണറ്റില്‍ എറിഞ്ഞതെന്നുമാണ് ഹരികുമാറിന്റെ മൊഴി. അടുത്തടുത്ത മുറികളില്‍ കഴിയുമ്പോഴും ഇരുവരും നിരന്തരം വാട്സാപ്പ് ചാറ്റും വീഡിയോ കോളും ചെയ്യാറുണ്ടായിരുന്നു.
ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരും തമ്മില്‍ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല നടക്കുന്ന ദിവസവും വഴിവിട്ട ബന്ധത്തിന് ശ്രീതുവിനെ ഹരികുമാർ പ്രേരിപ്പിച്ചിരുന്നു. വാട്‌സാപ്പ് സന്ദേശത്തിലൂടെ മുറിയിലേക്ക് വരാൻ ഹരികുമാർ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ശ്രീതു മുറിയില്‍ എത്തിയെങ്കിലും കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയി. ഇത് ഹരികുമാറിനെ ചൊടിപ്പിച്ചിരുന്നുവെന്നും ഇതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.
നേരത്തെ തട്ടിപ്പു കേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു. അടുത്തിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്. സഹതടവുകാരായിരുന്നവരായിരുന്നു പുറത്തിറങ്ങാൻ സഹായിച്ചത്. അതിനു ശേഷം പാലക്കാടായിരുന്നു ശ്രീതുവിന്റെ താമസം.
ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. നേരത്തെയുള്ള മൊഴികളുടെയും അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഹരികുമാര്‍ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി മാറ്റി.
ഹരികുമാറിന്‍റെ മൊഴി മാറ്റത്തോടെ നുണ പരിശോധനയ്ക്കുശേഷം കുറ്റപത്രം നല്‍കിയാല്‍ മതിയെന്ന് പൊലീസ് തീരുമാനിച്ചു.
പ്രതിയായ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു പൊലീസിന്‍റെ തീരുമാനം. എന്നാല്‍ ശ്രീതു നുണ പരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.