പരപ്പനങ്ങാടി: 31 വർഷങ്ങള്‍ക്ക് മുമ്ബ് പഠിപ്പിച്ച അധ്യാപികയുമായി പൂർവ വിദ്യാർഥി സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടി, പരിചയം പുതുക്കിയ ശേഷം അവരുടെ വിശ്വാസം നേടിയെടുത്ത് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങിയ കേസില്‍ പ്രതികള്‍ പിടിയിലായി.
കർണാടകയിലെ ഹാസനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് (45) പരപ്പനങ്ങാടി പൊലിസിന്റെ പിടിയിലായി. പൊലിസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
1988-90 കാലഘട്ടത്തില്‍ പരപ്പനങ്ങാടിയിലെ ഒരു സ്കൂളില്‍ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിന് ഇരയായത്. 31 വർഷങ്ങള്‍ക്ക് ശേഷം നടന്ന പൂർവ വിദ്യാർഥി സംഗമത്തില്‍ ഫിറോസ് അധ്യാപികയുമായി വീണ്ടും ബന്ധം സ്ഥാപിച്ചു.
അവരുടെ വിശ്വാസവും സ്നേഹവും നേടിയെടുത്ത ശേഷം, ഫിറോസും ഭാര്യ റംലത്തും ചേർന്ന് അധ്യാപികയുടെ വീട്ടിലെത്തി. സ്വർണവുമായി ബന്ധപ്പെട്ട ഒരു ബിസിനസ് ആരംഭിക്കുന്നതിനായി പണം ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തില്‍, അധ്യാപിക ഒരു ലക്ഷം രൂപ നല്‍കി. തുടർന്ന്, ലാഭവിഹിതമെന്ന പേര് പറഞ്ഞ് ഏതാനും മാസങ്ങളില്‍ 4000 രൂപ വീതം അധ്യാപികയ്ക്ക് തിരികെ നല്‍കി, വിശ്വാസം ഊട്ടിയുറപ്പിച്ചു.
പിന്നീട്, മൂന്ന് ലക്ഷം രൂപ കൂടി കൈവശപ്പെടുത്തി, അതിന് 12,000 രൂപ മാസം തോറും ലാഭ വിഹിതമായി നല്‍കി. തുടർന്നുള്ള ഘട്ടങ്ങളില്‍, വിവിധ തവണകളിലായി 27.5 ലക്ഷം രൂപ കൈവശപ്പെടുത്തി. എന്നാല്‍, ഇതിന് ശേഷം ലാഭവിഹിതം നല്‍കുന്നത് നിലച്ചു.
അധ്യാപിക വിവരം അന്വേഷിച്ചപ്പോള്‍, ബിസിനസിന്റെ വിപുലീകരണത്തിനായി കൂടുതല്‍ പണം ആവശ്യമാണെന്ന് ഫിറോസ് അറിയിച്ചു. ഇതോടെ, അധ്യാപിക തന്റെ കൈവശമുണ്ടായിരുന്ന 21 പവൻ സ്വർണാഭരണങ്ങളും ഇവർക്ക് കൈമാറി.
ഈ സ്വർണം തിരൂരിലെ ഒരു ബാങ്കില്‍ പണയം വച്ച ശേഷം, ഫിറോസ് അവ വിറ്റു. തുടർന്ന്, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇവർ കർണാടകയിലെ ഹാസനിലേക്ക് മുങ്ങി, അവിടെ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.
പരാതിയെ തുടർന്ന്, പരപ്പനങ്ങാടി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഫിറോസിനെയും ഭാര്യ റംലത്തിനെയും ഹാസനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ തുടർ അന്വേഷണം നടന്നു വരികയാണ്.