എറണാകുളം: സിപിഐഎം നേതാവ് കെ.ജെ. ഷൈനിന് എതിരായ അപവാദ പ്രചാരണക്കേസില്‍ കെ.എം. ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, തെളിവ് നശിപ്പിക്കരുത്, സമാനമായ കുറ്റകൃത്യം ആവർത്തിക്കരുത്, 25,000 രൂപ ബൗണ്ടും രണ്ടു പേർ ആള്‍ ജാമ്യവും എന്നീ ഉപാധികളോടെയാണ് ജാമ്യം.
ഷാജഹാനെ അറസ്റ്റ് ചെയ്ത നടപടിയില്‍ കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചു. ഷാജഹനെതിരെ കേസ് എടുത്ത് മൂന്ന് മണിക്കൂർ കൊണ്ട് അറസ്റ്റ് നടത്തി. ചെങ്ങമനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്ത്.
മൂന്നു മണിക്കൂർ കൊണ്ട് എങ്ങനെ തിരുവനന്തപുരത്ത് എത്തി. ചെങ്ങമനാട് എസ്‌ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാൻ അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു. എസ്‌ഐടി ഉത്തരവ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.
കെ.എം. ഷാജഹാനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗിക ചുവയുള്ള ഏതെങ്കിലും വാക്ക് കാണിച്ചു തരാമോ എന്നും കോടതി ചോദിച്ചു. അതേ സമയം പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തതെന്ന് ചെങ്ങമനാട് പൊലീസ് കോടതിയില്‍ അറിയിച്ചു.
കെ.എം. ഷാജഹാന്‍ തുടര്‍ച്ചയായി അധിക്ഷേപ വീഡിയോകള്‍ ചെയ്തുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ എസ്‌ഐടി ഉത്തരവ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
കെ.എം. ഷാജഹാന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു വൈദ്യ പരിശോധന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വീട്ടില്‍ നിന്നുമാണ് കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തത്.
റൂറല്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.എം. ഷാജഹാന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കൊച്ചിയിലേക്ക് കൊണ്ടു വന്നത്.
അതേ സമയം കെ.എം. ഷാജഹാന്റെ അറസ്റ്റില്‍ പൊലീസിന് നന്ദി അറിയിച്ച് സിപിഐഎം നേതാവ് കെ ജെ ഷൈന്‍ രംഗത്തെത്തിയിരുന്നു. മാലിന്യ മുക്തി കേരളത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഷൈനിന്റെ പ്രസ്താവന.