മാന്യ വായനക്കാർക്ക് ഓപ്പൺ മലയാളം ന്യൂസ് നെറ്റ് വർക്കിന്ടെ തിരുവോണം, നബിദിന ആശംസകൾ ❤️❤️
തിരുവനന്തപുരം ∙ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. പൂക്കളങ്ങളും ഓണക്കോടിയും സദ്യയും ഒരുക്കി കുടുംബങ്ങളും സമൂഹങ്ങളും ഒത്തുചേർന്നിരിക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു ലോകത്തിന്റെ സ്വപ്നവുമായി മലയാളി, ഐശ്വര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണത്തിന്റെ ആത്മാവിനെ ഇന്ന് പുതുക്കിപ്പിടിക്കുന്നു.
കർക്കിടകത്തിലെ വറുതിക്ക് ശേഷമുള്ള കാർഷിക സമൃദ്ധിയുടെ കാലം ചിങ്ങം മാസത്തോടെയാണ് എത്തുന്നത്. പൂക്കളമൊരുക്കിയും ഓണക്കോടിയുടുത്തും സദ്യ കഴിച്ചും തലമുറകൾ കൈമാറിയ ഓണക്കളികളിലും പങ്കുചേരുമ്പോൾ മലയാളി സ്വന്തം സംസ്കാരത്തിന്റെ അടയാളം വീണ്ടും കണ്ടെത്തുന്നു. ഓണം കേവലം ഓർമ്മകളുടെ ഉത്സവമല്ല, മറിച്ച് സ്നേഹവും കരുണയും സഹോദര്യവും എല്ലാ ദിവസവും ജീവിതത്തിൽ നിറയ്ക്കണമെന്ന സന്ദേശവുമാണ്.
അതേസമയം, ഇന്ന് മുസ്ലിം സമൂഹവും നബിദിനം ആചരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇദുല്മീലാദ് ദിനത്തിൽ രാജ്യത്തുടനീളം പ്രാർത്ഥനകളും മതപരിപാടികളും നടന്നു വരികയാണ്. സഹജീവി സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശം പുതുക്കിപ്പറയുന്ന ദിനമാണിത്.
രണ്ടു മതാഘോഷങ്ങളും ഒരുമിച്ച് വന്നിരിക്കുന്ന ഈ ദിവസം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പാഠം ലോകത്തോട് പറയുന്ന ദിവസമായി മാറുന്നു. മതിയേറിയ സദ്യയുടെയും ആത്മീയ പ്രാർത്ഥനയുടെയും സമന്വയത്തിൽ സമത്വസുന്ദരമായ ഒരു സമൂഹത്തിന്റെ ചിത്രമാണ് കേരളം ഇന്ന് ലോകത്തിനു മുന്നിൽ വരച്ചുകാട്ടുന്നത്.